ഇസ്ലാമാബാദ്: അമേരിക്ക-ഇറാൻ സമാധാനചർച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്നു പാക്കിസ്ഥാൻ. ഇരു രാജ്യങ്ങളും ചർച്ചയ്ക്കു തയാറാണെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും പാക് വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ യുഎസും ഇറാനും ഒപ്പിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഇരുരാജ്യങ്ങളും സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരുന്നു.
പാക്കിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 60 ദിവസത്തിനകം അന്തിമ കരാറിലെത്തുന്നതിനുള്ള രൂപരേഖയ്ക്കു ധാരണയായിരുന്നു. ചർച്ച തുടരുകയാണ്. അടുത്ത ആഴ്ച, ഒരുപക്ഷേ ചൊവ്വാഴ്ച ചർച്ച പുനരാരംഭിക്കാൻ കഴിയുമെന്ന് കരുതുന്നു. ഇതൊരു താൽക്കാലിക ഇടവേളയാണെന്നും ആന്ദ്രാബി പ്രസ്താവനയിൽ പറഞ്ഞു. ചർച്ചകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയോ ഇറാനോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.